സുൽത്താൻ ബത്തേരി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോ സെൻസിറ്റീവ് ഏരിയ നിർണയം വന്യജീവി സങ്കേതത്തിന്റെ അതിർത്തിവരെ ആക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. സാധാരണ ജനങ്ങളെയും കർഷകരെയും പ്രതികൂലമായി ബാധിക്കരുത്. ജില്ലയിലെ വിവിധ പ്രദേശങ്ങളെ ഉൾപ്പെടുത്തി പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ നിർണയത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കിടങ്ങനാട്, നൂൽപ്പുഴ വില്ലേജുകളും ഉൾപ്പെട്ടിട്ടുണ്ട്.
ഇതുമൂലം പ്രദേശത്തെ സാധാരണ ജനങ്ങളുടെയും ചെറുകിട കർഷകരുടെയും ജീവിതത്തെയും കൃഷിയെയും ഭാവി വികസന പ്രവർത്തനങ്ങളെയും ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വന സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണ്. എന്നാൽ വന്യജീവി സങ്കേതത്തോട് ചേർന്ന് താമസിക്കുന്ന സാധാരണ ജനങ്ങളുടെയും കർഷകരുടെയും അവകാശങ്ങളും ഉപജീവന മാർഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, വീടുകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളെ ഇക്കോ സെൻസിറ്റീവ് ഏരിയയുടെ പരിധിയിൽ കൊണ്ടുവരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതായും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വനാതിർത്തി അടിസ്ഥാനമാക്കി മാത്രം ഇഎസ്ഐയുടെ പരിധി നിശ്ചയിക്കണം. ജനവാസ മേഖലകളും കൃഷി ഇടങ്ങളും പരിധിയിൽ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ അന്തിമ നിർണയം നടത്താവൂ എന്നും പ്രമേയം ആവശ്യപ്പെട്ടു. വന സംരക്ഷണത്തോടൊപ്പം കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജീവിത സുരക്ഷ ഉറപ്പാക്കുന്ന ജനകീയ സമീപനമാണ് ഇഎസ്എ നിർണയത്തിൽ സ്വീകരിക്കേണ്ടത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിൽ വൈസ് പ്രസിഡന്റ് ടി. അവറാൻ പ്രമേയം അവതരിപ്പിച്ചു.
വനത്തിന് പുറത്തുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമായി വിജ്ഞാപനം
ചെയ്യുന്നത് അനുചിതം: മലയോര അതിജീവന സംരക്ഷണ സമിതി
കല്‍പ്പറ്റ: പശ്ചിമഘട്ടത്തിലെ വനത്തിനു പുറത്തുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമായി വിജ്ഞാപനം ചെയ്യുന്നത് അനുചിതമാണെന്ന് മലയോര അതിജീവന സംരക്ഷണ സമിതി പ്രസിഡന്റ് പി.വൈ. ജേക്കബ്, വൈസ് പ്രസിഡന്റ് എം.വൈ. യോഹന്നാന്, കോ-ഓര്‍ഡിനേറ്റര്‍ ജോഴ്സണ്‍ തോമസ് കോച്ചാപ്പിള്ളില്‍, സമിതി അംഗവും മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗവുമായ സജി ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇഎസ്എ വിജ്ഞാപന നീക്കത്തിനെതിരേ ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്തി, വനം-പരിസ്ഥിതി മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, വനം മന്ത്രി, കൃഷി മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് അവര്‍ അറിയിച്ചു.
കാടിന് പുറത്തുള്ള പ്രദേശങ്ങള്‍ പലതരത്തില്‍ നിയന്ത്രങ്ങള്‍ ബാധകമായ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യന്നത് ഭൂവുടമകളുടെ അവകാശത്തിലുള്ള കടന്നുകയറ്റമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന് കാടും നാടും ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങള്‍ ഇഎസ്എയായി വിജ്ഞാപനം ചെയ്യേണ്ടതില്ല. വനത്തില്‍ മരംമുറി, ഖനനം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അതിനാല്‍ ഒരു വില്ലേജിലെയും വനഭൂമിയെ പരിസ്ഥിതിലോലമായി പ്രത്യേകം വിജ്ഞാപനം ചെയ്യേണ്ടതില്ല. വനത്തോടുചേര്‍ന്നുള്ള പ്രദേശങ്ങളിലേറെയും കര്‍ഷകരുടെ കൈവശത്തിലാണ്. നൂറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണം നടത്തുന്നവരാണ് കൃഷിക്കാര്‍.
കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഭാവിയില്‍ വനത്തിലേതിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയെന്ന അജന്‍ഡ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപന നീക്കത്തിന് പിന്നിലുണ്ടെന്ന് സംശയിക്കണം. വന്യജീവികളുടെ വിഹാരകേന്ദ്രമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും മാറുന്ന സാഹചര്യം ഒഴിവാകണം. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ത്തന്നെ വന്യമൃഗശല്യം രൂക്ഷമാണ്. വന്യജീവി സാന്നിധ്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നതാണ് പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനം. നിലവില്‍ വനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തിലാണ് വന്യജീവികളുടെ എണ്ണപ്പെരുപ്പം. വനത്തില്‍ വന്യജീവികളുടെ ആധിക്യം തടയുന്നതിനും ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും അടിയന്തര നടപടി ഉണ്ടാകണം. ഈ ആവശ്യവും നിവേദത്തില്‍ ഉന്നയിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.